• Tue. Dec 24th, 2024

റാലിയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു; അമിത് ഷായ്ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്

ByPathmanaban

May 4, 2024

ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തെലങ്കാന കോണ്‍ഗ്രസ് ആണ് അമിത് ഷാക്കെതിരെ പരാതി നല്‍കിയത്. മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്ക്കൊപ്പം ഡയസില്‍ കുട്ടികളെ കണ്ടെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നിരഞ്ജന്‍ റെഡ്ഡിയാണ് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. റാലിക്കിടെ ഒരു കുട്ടി ബിജെപി ചിഹ്നം കയ്യില്‍ പിടിച്ചിരിക്കുന്നത് കണ്ടത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് നിരഞ്ജന്‍ റെഡ്ഡി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ കുട്ടികളുടെ പങ്കാളിത്തം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരഞ്ജന്‍ റെഡ്ഡിയുടെ പരാതി ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച അമിത് ഷായ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ടി യമന്‍ സിംഗ്, മുതിര്‍ന്ന ബിജെപി നേതാവ് ജി കിഷന്‍ റെഡ്ഡി, നിയമസഭാംഗം ടി രാജ സിംഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറയുന്നു.

Spread the love

You cannot copy content of this page