• Sun. Dec 22nd, 2024

അപരസ്ഥാനാര്‍ത്ഥിത്വം; ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

ByPathmanaban

May 3, 2024

ഡല്‍ഹി: രാജ്യത്ത് നടക്കുന്ന പൊതു തിരഞ്ഞെടുപ്പുകളില്‍ അപരസ്ഥാനാര്‍ത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിം കോടതി. അപരസ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തിരഞ്ഞെടുപ്പ് ഫലം പലപ്പോഴും അട്ടിമറിയ്ക്കുന്നുവെന്നും ഇതുവഴി ജനപിന്തുണയുള്ളവരെ തോല്‍പിക്കാന്‍ എതിര്‍ കക്ഷികള്‍ ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഗുരുതരമായ വിഷയമെന്ന നിലയില്‍ കോടതി ഈക്കാര്യത്തില്‍ ഇടപെടണമെന്നും ഹര്‍ജിക്കാരനായി അഭിഭാഷകന്‍ വി.കെ ബിജു വാദിച്ചു.

കേരളത്തിലടക്കം വിവിധ തിരഞ്ഞെടുപ്പുകളില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ അപരസ്ഥാനാര്‍ത്ഥികള്‍ പിടിച്ച വോട്ടുകള്‍ കാരണം തോറ്റു പോയതിന്റെ രേഖകളും കണക്കുകളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച്, പല മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഒരേ പേരുകള്‍ നല്‍കുന്നതില്‍ എന്ത് ചെയ്യാനാകുമെന്നായിരുന്നു ചോദിച്ചത്. മാത്രമല്ല പ്രമുഖ സ്ഥാനാര്‍ത്ഥിയുടെ പേരുമായി സാമ്യം കൊണ്ട് മറ്റുള്ളവരോട് മത്സരിക്കരുതെന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇടപെടാനില്ലെന്നും ബെഞ്ച് വ്യക്തമാക്കിയതോടെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള പൗരാവകാശ പ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് ഹര്‍ജിക്കാരന്‍.

Spread the love

You cannot copy content of this page