ബെംഗളൂരു: കർണാടകയിൽ ഹസനിലെ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാൽസംഗക്കേസ്. പ്രജ്വൽ പീഡിപ്പിച്ചുവെന്നു മറ്റൊരു യുവതികൂടി പരാതി നൽകി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുൻപാകെയാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസ്.
അതിനിടെ, പുറത്തുവന്ന വിഡിയോയിലുള്ള തന്റെ അമ്മയെ മൂന്നു ദിവസമായി കാണാതായെന്നു കാട്ടി പ്രജ്വലിനും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കുമെതിരെ ഒരാൾ പരാതി നൽകിയിട്ടുണ്ട്. വിഡിയോയിലുള്ളയാളുടെ മകനാണ് അമ്മയെ തട്ടിക്കൊണ്ടുപോയതായി രേവണ്ണയ്ക്കെതിരെ പരാതിപ്പെട്ടത്. മൈസുരുവിലെ കെ.ആർ. നഗർ പൊലീസ് സ്റ്റേഷനിലാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരിക്കുന്നത്. ആറുവർഷത്തോളം രേവണ്ണയുടെ വീട്ടിൽ ജോലിക്കുനിന്നയാളാണ് അമ്മയെന്ന് മകന്റെ പരാതിയിൽ പറയുന്നു.
ആകെ മൂന്നു കേസുകളാണ് ഇതുവരെ ഈ വിഷയത്തിൽ ഫയൽ ചെയ്തിരിക്കുന്നത്. രേവണ്ണയ്ക്കും പ്രജ്വലിനുമെതിരെ ബെംഗളൂരു എസ്ഐടി റജിസ്റ്റർ ചെയ്തത്, പ്രജ്വലിനെതിരെ മാത്രമായി എസ്ഐടി റജിസ്റ്റർ ചെയ്തത്, രേവണ്ണയ്ക്കും മറ്റുള്ളവർക്കുമെതിരെ മൈസുരുവിൽ റജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസ് എന്നിവയാണവ.
ചോദ്യംചെയ്യലിനു നൽകിയ നോട്ടിസ് മടങ്ങിയതിനെ തുടർന്ന് പ്രജ്വലിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് പ്രജ്വൽ ജർമനിയിലേക്ക് കടന്നതായും ഇവിടെനിന്ന് ദുബായിലെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.