• Tue. Dec 24th, 2024

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി

ByPathmanaban

May 3, 2024

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയായിരുന്നുവെന്ന് മൊഴി. 23 വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പെണ്‍കുട്ടി ഫ്ളാറ്റിലെ ശുചിമുറിയില്‍ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാല്‍ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡില്‍ വീണു. നിലവില്‍ പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കേണ്ടതുണ്ട്.

ആമസോണ്‍ ഡെലിവറി കവറില്‍ പൊതിഞ്ഞാണ് ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ കൊലപാതകികളിലേക്ക് നയിച്ചത്. പതിനഞ്ച് വര്‍ഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം ആര്‍ക്കുമറിയില്ലായിരുന്നു.

രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ളാറ്റിനു മുന്നില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊറിയര്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. നടുറോഡില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Spread the love

You cannot copy content of this page