• Tue. Dec 24th, 2024

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ വിജിലൻസ് കോടതി ഇന്ന് വിധി പറയും

ByPathmanaban

May 3, 2024

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് വിധി പറയുക. മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് കഴിഞ്ഞിരുന്നില്ല.

സിഎംആര്‍എല്ലിന് അവിഹിതമായ സഹായം മുഖ്യമന്ത്രി ചെയ്തു എന്ന് കാണിക്കുന്ന രേഖ, ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ ആവശ്യമായ രേഖ എന്നിവയാണ് കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നത്. വ്യാഴാഴ്ച കുഴല്‍നാടന്‍ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. കേസ് പരിഗണിച്ച പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി രാജകുമാറാണ് ഇന്ന് ഹര്‍ജിയില്‍ വിധി പറയുക.

ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് പണം ലഭിച്ചു എന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ സ്വകാര്യഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, സിഎംആര്‍എല്‍ ഉടമ എസ്. എന്‍. ശശിധരന്‍ കര്‍ത്ത അടക്കം ഏഴ് പേരാണ് കേസിലെ എതിര്‍കക്ഷികള്‍.

Spread the love

You cannot copy content of this page