• Tue. Dec 24th, 2024

കള്ളവോട്ടിലെ തർക്കത്തിൽ കോളേജ് അധ്യാപകന് നേരെ മര്‍ദ്ദനം; പിന്നില്‍ സിപിഎം എന്ന് ആരോപണം

ByPathmanaban

May 2, 2024

കള്ളവോട്ട് തടയാൻ ശ്രമിച്ചതിൻ്റെ പേരിൽ കോളേജ് അധ്യാപകനെ ക്രൂരമായി മർദിച്ചതായി പരാതി. മാടായി കോളേജ് അധ്യാപകൻ പി.രജിത് കുമാറിനാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കിൽ പോവുന്നതിനിടെയായിരുന്നു മർദനം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ എട്ടോളം വരുന്ന സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന് കെപിസിടിഎ ഭാരവാഹികൾ ആരോപിച്ചു. 

രജിത് കുമാർ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബൂത്ത് ഏജൻ്റായി പ്രവർത്തിച്ചിരുന്നു. കള്ളവോട്ട് തടയാനുള്ള ശ്രമം രജിത് കുമാറിൻ്റെ ഭാഗത്തുനിന്നും ഉണ്ടായതിലുള്ള പകയാണ് ആക്രമത്തിൽ കലാശിച്ചതെന്ന ആക്ഷേപമുണ്ട്. പരിക്കേറ്റ രജിത് കുമാർ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ ചികിത്സയിലാണ്.

രജിത് കുമാറിനെ കെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, കണ്ണൂർ സർവകലാശാല മേഖലാ പ്രസിഡണ്ട് ഡോ. ഷിനോ പി ജോസ്, കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ഡോ.ജോബി തോമസ് എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു .

Spread the love

You cannot copy content of this page