ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ?ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതി.
കഴിഞ്ഞ ദിവസം ഇ പി ജയരാജന്‍ മൂവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിച്ചില്ലെങ്കില്‍ സിവില്‍ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നാണ് മുന്നറിയിപ്പ്. അല്ലെങ്കില്‍ 2 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇപി നോട്ടീസില്‍ വ്യക്തമാക്കുന്നു. അഡ്വ. എം.രാജഗോപാലന്‍ നായര്‍ മുഖേനയാണ് അദ്ദേഹം നോട്ടീസ് അയച്ചത്.
”വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആരോപിച്ചതിലൂടെ തന്നെ മാത്രമല്ല പാര്‍ട്ടിയെയും നേതാക്കളെയും അധിക്ഷേപിച്ചു. ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്റെ പാര്‍ട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. മുന്‍പും ഇത്തരം ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ട്” നോട്ടീസില്‍ പറയുന്നു.
‘ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണം. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നന്ദകുമാറുമായുള്ള ബന്ധം മുമ്പേ അവസാനിപ്പിച്ചു എന്ന് ജയരാജന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസത്തെ ജയരാജന്റെ തുറന്നു പറച്ചില്‍ പാര്‍ട്ടിയെ ബാധിക്കേണ്ട കാര്യമില്ല’. എംവി ഗോവിന്ദന്‍ പറഞ്ഞു.
‘ഇപി വിഷയത്തില്‍ നടപടിയെടുക്കേണ്ട ആവശ്യമില്ല. സംഭവത്തില്‍ മാധ്യമങ്ങളുടെ പൈങ്കിളി പ്രചാരണമാണ് നടക്കുന്നത്. അത് കള്ള പ്രചാരണവുമാണ്. ഇതെല്ലാം പാര്‍ട്ടിക്ക് ബോധ്യമായി. അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് മാധ്യമങ്ങളുടെ പ്രചാരണത്തിലൂടെ വ്യക്തമാക്കുന്നത്. പാര്‍ട്ടി സെക്ക്രട്ടറിയെ നിയോഗിക്കുന്നത് ജൂനിയര്‍, സീനിയര്‍ നോക്കിയല്ല.’ വിഷയത്തില്‍ ജയരാജന്റെ നിയമ നടപടിക്ക് പൂര്‍ണ പിന്തുണ പാര്‍ട്ടി നല്‍കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.