തൃശ്ശൂര്‍: കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ സ്വതന്ത്രമായി കലാപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഇല്ലെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. കേരള സംഗീത നാടക അക്കാദമിയുടെ അറുപത്തിയാറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തെ പുനര്‍നിര്‍മിച്ച് ഒരു ഏകശിലാസമൂഹം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി വലതുപക്ഷ കക്ഷികള്‍ ജനങ്ങളുടെ വിനോദോപാധികളായ സാഹിത്യം, നാടകം, സിനിമ എന്നിവയെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ സഹൃദയര്‍ക്കും കലാകാരന്മാര്‍ക്കുമുള്ള പച്ചത്തുരുത്തുകളാണ് അക്കാദമികളെന്ന് എന്‍.എസ്. മാധവന്‍ കൂട്ടിച്ചേര്‍ത്തു.
ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷനായി. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. അനന്തകൃഷ്ണന്‍ മുഖ്യാതിഥിയായി. നാടകകൃത്ത് സി.എല്‍. ജോസിനെ ചടങ്ങില്‍ ആദരിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, കരിവെള്ളൂര്‍ മുരളി, രേണു രാമനാഥ് എന്നിവര്‍ പ്രസംഗിച്ചു.