തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. തിരുവനനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം നടക്കുന്നത്. നഗരസഭയുടെ ഗേറ്റിന് മുന്നില്‍ മേയര്‍ക്കെതിരെ ഓവര്‍ടേക്കിങ് നിരോധിത മേഖലയെന്ന ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം തുടങ്ങിയത്.
നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന മുഴുവന്‍ കെഎസ്ആര്‍ടിസി ബസു തടഞ്ഞ് മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്റര്‍ ഒട്ടിച്ചു. 24 മണിക്കൂറിനുള്ളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ വലിയ സമരത്തിലേക്ക് കടക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനായ യദുവിന്റെ വാദം.
ബസിന് മുന്നില്‍ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താന്‍ ആംഗ്യം കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് മേയറും ഭര്‍ത്താവും ബസ് തടഞ്ഞു നിര്‍ത്തി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് യദു പറയുന്നത്.