കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിലെ മൂന്നാം പ്രതിയാണ് അനുപമ. നർത്തകിയും സോഷ്യൽ മീഡിയ താരവുമായിരുന്ന അനുപമയ്ക്ക് യൂട്യൂബിൽ മാത്രം അഞ്ച് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നു. പത്ത് മില്യണിലധികം വ്യൂസ് വരെ കിട്ടിയ വീഡിയോകൾ അനുപമയുടെ പേജുകളിൽ ഉണ്ടായിരുന്നു.
പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അനുപമ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ, സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഇത് അംഗീകരിച്ച കോടതി അപേക്ഷ തള്ളുകയായിരുന്നു.
കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അനുപമയും അനുപമയുടെ പിതാവ് കെ.ആർ പത്മകുമാറും അമ്മ അനിതകുമാരിയും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കേസിൽ ഒന്നും രണ്ടും പ്രതികളാണ് പത്മകുമാറും അനിതകുമാരിയും. ഇരുവരും ഇതുവരെയും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. ട്യൂഷന് പോയി സഹോദരനൊപ്പം വന്നിരുന്ന കുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോയ പ്രതികൾ തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. ഡിസംബർ ഒന്നിനാണ് പ്രതികളെ പോലീസ് പിടികൂടിയത്.