ബിഗ് ബോസ് ഷോയ്ക്കെതിരെ തുറന്നടിച്ച് സംവിധായകനും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ അഖിൽ മാരാർ. സീസൺ 6 ലെ മത്സരാർത്ഥിയായിരുന്ന സിബിനെ പുറത്താക്കിയതിനെതിരെ ഗുരുതര ആരോപണമാണ് അഖിൽ ഉന്നയിച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയുടെ തലപ്പത്തിരിക്കുന്ന രണ്ട് പേർ ചേർന്നാണ് സിബിനെ പുറത്താക്കാൻ ശ്രമമിച്ചതെന്നും പല നെറികേടുകളും ഷോയിൽ ഇവർ കാണിക്കുന്നുണ്ടെന്നും അഖിൽ ആരോപിച്ചു.
‘റോബിന് പറ്റിയത് റോബിൻ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ വായിൽ തോന്നിയ വിവരക്കേടുകൾ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാൻ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാൻ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാൻ തയ്യാറായിക്കൊണ്ടാണ്. ആരേയും തനിക്ക് ഭയമില്ല, സത്യം വിളിച്ചുപറയുക തന്നെ ചെയ്യും’ അഖിൽ പറഞ്ഞു.
അഖിൽ മാരാറിന്റെ വാക്കുകൾ ഇങ്ങനെ
‘ബിഗ് ബോസ് എന്ന ഷോയെ കുറിച്ചും ചാനലിന്റെ തലപ്പത്തിരിക്കുന്ന ചിലരുടെ നെറികേടുകൾ കൃത്യമായി അറിയാവുന്ന ആളാണ് ഞാൻ. അതിനർത്ഥം അതുവെച്ചിട്ട് റോബിൻ പറഞ്ഞത് പോലെ നന്ദികേട് കാണിക്കരുതെന്ന് പറയാൻ വരരുത്. എനിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ബിഗ് ബോസിന്റേയോ ചാനലിന്റേയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് സിനിമ ചെയ്യാൻ നിൽക്കുന്നയാളാണ് ഞാൻ. ചാനലുമായുള്ള എല്ലാ ബന്ധവും എനിക്ക് ഗുണകരമായി മാറുകയേ ഉള്ളൂ. ഇതെല്ലാം അറിഞ്ഞ് മിണ്ടാതെ നിന്നാൽ എന്റെ ജീവിതത്തിൽ നേട്ടങ്ങൾ മാത്രമേ ഉണ്ടാകൂ. റോബിൻ വ്യക്തിപരമായി ഉണ്ടായ ഒരു സംഭവത്തിൽ പ്രതികരിച്ചത് പോലെയല്ല ഞാൻ ഇവിടെ പറയുന്നത്. എനിക്ക് വ്യക്തിപരമായി പ്രശ്നങ്ങൾ ഇല്ലെന്ന് മാത്രമല്ല എല്ലാവരുമായി സൗഹൃദം മാത്രമേ ഉള്ളൂ.
ബിഗ് ബോസ് സീസൺ 6 ന്റെ 50ാം ദിവസത്തെ തുടർന്ന് ഷോയ്ക്ക് ആശംസ അറിയിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് അവർ എന്നെ വിളിച്ചിരുന്നു. വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ് എന്നാലും എന്നെ ജനങ്ങൾ അറിയാൻ കാരണമായ ആ ഷോയോടുള്ള ഇഷ്ടം കൊണ്ട് വീഡിയോ എടുത്ത് അയക്കാമെന്ന് പറഞ്ഞ് വീഡിയോ അയച്ചയാളാണ് ഞാൻ. ഇപ്പോൾ ഇത് പറയാൻ കാരണം ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ട സിബിനെന്ന് പറയുന്ന ചെറുപ്പക്കാരനെ ഭ്രാന്തനാക്കി ചിത്രീകരിച്ചുകൊണ്ട് തലപ്പത്തിരിക്കുന്ന ചിലർ നടത്തിയ നെറികേടിനെതിരെ പറയാതിരിക്കാൻ എനിക്ക് ആവില്ല. ഇവൻമാർ എന്റെ സിനിമയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരിക്കും. അങ്ങനെയെങ്കിൽ സിനിമ വേണ്ടെന്ന് ഞാൻ വെയ്ക്കും. രണ്ടേ രണ്ട് പേരാണ് ഇതിന് പിന്നിൽ. ചാനലിന്റെ ആൾ ഇന്ത്യ ഹെഡൊക്കെ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തോടും അവിടെയുള്ള മറ്റ് നല്ലവരായ മനുഷ്യരെയുമൊക്കെ ഓർത്തത് കൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്.
ഞാൻ ഇന്നേ ദിവസമാണ് അറിയുന്നത് സിബിനെന്ന് പറയുന്ന ചെറുപ്പക്കാരൻ ആ ഷോയിൽ നിന്നും പുറത്തുപോകണമെന്ന് ആഗ്രഹിച്ചതല്ല. അഞ്ച് വർഷമായി ഈ ഷോയുടെ ഡയറക്ടർ ആയിരുന്ന അർജുൻ എന്നയാൾ ഇറങ്ങിപ്പോയെന്ന യാഥാർത്ഥ്യം കൂടി അറിഞ്ഞതുകൊണ്ടാണ്. ഈ ഷോയുടെ ക്രീയേറ്റീവ് ഡയറക്ടർ ആയിരുന്ന റുബീന എന്ന സ്ത്രീയെ ഈ സീസണിൽ നിന്നും മാറ്റി നിർത്തി. ഇവൻമാരുടെ താത്പര്യത്തിന് അനുസരിച്ചുള്ള മത്സരാർത്ഥികൾ ജയിച്ചുവരാൻ വേണ്ടി ഇവർ കാണിക്കുന്ന ഈ നെറികേടുകൾ ആരെങ്കിലുമൊക്കെ വിളിച്ചുപറയേണ്ടേ? റോബിന് പറ്റിയത് റോബിൻ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ വായിൽ തോന്നിയ വിവരക്കേടുകൾ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാൻ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാൻ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാൻ തയ്യാറായിക്കൊണ്ടാണ്. ആരേയും തനിക്ക് ഭയമില്ല, സത്യം വിളിച്ചുപറയുക തന്നെ ചെയ്യും’, അഖിൽ പറഞ്ഞു.