• Tue. Dec 24th, 2024

ട്രെയ്‌ലറിലെ ഉള്ളടക്കങ്ങള്‍ സിനിമയില്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ല; സുപ്രീം കോടതി

ByPathmanaban

Apr 23, 2024

ഡല്‍ഹി: സിനിമയുടെ ട്രെയ്‌ലറിലെ ഉള്ളടക്കങ്ങള്‍ സിനിമയില്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. അത്തരം രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഷാരൂഖ് ഖാന്‍ നായകനായ ഫാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടുളള ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ഒരു സിനിമയുടെ ട്രെയ്‌ലര്‍ എന്നത് ഒരു വാഗ്ദാനമല്ല. അത് പ്രേക്ഷകരെ ടിക്കറ്റെടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യം മാത്രമാണ്. ട്രെയ്‌ലറിലെ ഉള്ളടക്കങ്ങള്‍ സിനിമയില്‍ ഇല്ലെങ്കില്‍ അതിനെ ഒരു കുറ്റമായി കണക്കിലെടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒരു പാട്ട്, സംഭാഷണം, അല്ലെങ്കില്‍ ഒരു പ്രമോഷണല്‍ ട്രെയിലറിലെ ഒരു ചെറിയ രംഗം എന്നിവയെ പരസ്യങ്ങളുടെ വിവിധ തരത്തിലുള്ള ഉപയോഗം പോലെ കാണേണ്ടതാണ്. സിനിമയുടെ ഉള്ളടക്കം പൂര്‍ണ്ണമായും നല്‍കുക എന്നതിനപ്പുറം സിനിമയുടെ റിലീസ് വിവരം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതിനാണ് അത് ഉപയോഗിക്കുന്നത് എന്ന് കോടതി വ്യക്തമാക്കി.

2017 ല്‍ ഫാന്‍ എന്ന സിനിമയുടെ ട്രെയ്‌ലറില്‍ കാണിച്ചിരുന്ന ഒരു ഗാനരംഗം സിനിമയില്‍ നിന്ന് ഒഴിവാക്കി എന്ന് ആരോപിച്ച് സ്‌കൂള്‍ അധ്യാപികയായ അഫ്രീന്‍ ഫാത്തിമ സെയ്ദിക്ക് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കമ്മീഷന്‍ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനെതിരെ 10,000 രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. ഇതിനെതിരെ യാഷ് രാജ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. പ്രസ്തുത ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Spread the love

You cannot copy content of this page