തിരുവനന്തപുരം: രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എംഎല്‍എ പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍. നെഹ്‌റു കുടുംബത്തെയും രാഹുല്‍ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി വി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അന്‍വറിന്റെ വാക്കുകള്‍. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയന്‍, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അന്‍വറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി.
രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ വിമര്‍ശിച്ചിരുന്നു. ‘നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ നെഹ്റു കുടുംബത്തിന്റെ ജെനിറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍.’ പി വി അന്‍വര്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പി വി അന്‍വര്‍. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റ് ആണോയെന്ന് സംശയിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.