ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അടുത്ത നൂറ് ദിവസത്തിനുള്ളില്‍ എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാന്‍ ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ഥിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി.
ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘അടുത്ത 100 ദിവസത്തിനുള്ളില്‍, എല്ലാ പ്രവര്‍ത്തകരും ഓരോ പുതിയ വോട്ടര്‍മാരിലേക്കും, ഓരോ ഗുണഭോക്താക്കളിലേക്കും, എല്ലാ സമൂഹത്തിലേക്കും എത്തിച്ചേരണം. എല്ലാവരുടെയും വിശ്വാസം നേടിയെടുക്കണം. എന്‍ഡിഎയെ 400ല്‍ എത്തിക്കണമെങ്കില്‍ ബിജെപി മാത്രം 370 സീറ്റ് കടക്കേണ്ടി വരും. അധികാരം ആസ്വദിക്കാനല്ല, ഞാന്‍ മൂന്നാം തവണയും ഭരണത്തിലേറാന്‍ ആഗ്രഹിക്കുന്നത്. മറിച്ച് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്’- പ്രധാനമന്ത്രി മോദി പറഞ്ഞു.
‘തന്റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ സാധിക്കില്ലായിരുന്നു.10 വര്‍ഷത്തെ കളങ്കമില്ലാത്ത ഭരണവും 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതും സാധാരണ നേട്ടങ്ങളല്ല. ഒരു മുതിര്‍ന്ന നേതാവ് ഒരിക്കല്‍ എന്നോട് പറഞ്ഞു, ഞാന്‍ പ്രധാനമന്ത്രിയായും മുഖ്യമന്ത്രിയായും വേണ്ടത്ര കാര്യങ്ങള്‍ ചെയ്തു, ഇനി വിശ്രമിക്കണം. എന്നാല്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നത് ‘രാഷ്ട്രനീതി’ക്ക് വേണ്ടിയാണ്, അല്ലാതെ ‘രാജനീതി’ക്ക് വേണ്ടിയല്ല’- മോദി കൂട്ടിച്ചേര്‍ത്തു.