ഗാസ വിഷയത്തില്‍ ഇസ്രയേല്‍ – അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു. വെസ്റ്റ് ബാങ്കില്‍ നടത്തിയ മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ഇസ്രയേലി പ്രതിരോധസേനാ (ഐ.ഡി.എഫ്) യൂണിറ്റായ നെറ്റ്‌സ യഹൂദയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കത്തിലൂടെയാണ് ഭിന്നത പരസ്യമാകുന്നത്. ഇതാദ്യമായാണ് ഇസ്രയേലിനെതിരെ അമേരിക്ക ഉപരോധനീക്കം നടത്തുന്നത്.എന്നാല്‍, നെറ്റ്‌സ യഹൂദയ്‌ക്കെതിരെ ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ രംഗത്തെത്തി. ഇസ്രയേലി പ്രതിരോധ സേനയുടെ ഏതെങ്കിലും യുണിറ്റിനെതിരെ ഉപരോധമേര്‍പ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനെ സര്‍വ ശക്തിയുമുപയോഗിച്ച് നേരിടുമെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
2022-ല്‍, നെറ്റ്സ യെഹൂദാ സൈനികര്‍ വെസ്റ്റ്ബാങ്കില്‍ തടവിലാക്കിയ എഴുപത്തിയെട്ടുകാരനായ അമേരിക്കന്‍-പലസ്തീനി ഉമര്‍ അസദിനെ കണ്ണും കൈയും കെട്ടി കൊടും തണുപ്പുള്ള മേഖലയില്‍ ഉപേക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് നെറ്റ്സ യെഹൂദ ബറ്റാലിയന്‍ കമാന്‍ഡറെ ശാസിക്കുകയും രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തു. സമാനമായ നിരവധി കുറ്റങ്ങള്‍ ഈ സൈനിക യുണിറ്റിനെതിരെ ആരോപിക്കപ്പെടുന്നുണ്ട്. തീവ്ര ചിന്താഗതിക്കാരായ ഇസ്രയേലി കുടിയേറ്റക്കാരാണ് ഈ യൂണിറ്റിലെ അംഗങ്ങള്‍.
ഉപരോധം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അമേരിക്കയുടെ ധനസഹായം, ആയുധങ്ങള്‍ എന്നിവയൊന്നും നെറ്റ്സ യഹൂദ യൂണിറ്റിലെ സൈനികര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ വരും. കൂടാതെ അമേരിക്കയുടെ സൈനിക പരിശീലനത്തില്‍നിന്നും ഇവര്‍ ഒഴിവാക്കപ്പെടും.അതേസമയം, ശനിയാഴ്ചയാണ് അമേരിക്ക ഇസ്രയേലിന് 17000 കോടി ഡോളറിന്റെ പ്രതിരോധ സഹായം അനുവദിച്ചത്. ഏകദേശം 520 കോടി ഡോളര്‍ ഇസ്രയേലിന്റെ മിസൈല്‍, റോക്കറ്റ് പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനും നൂതന ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിന് 350 കോടി ഡോളറും ഇസ്രയേലിന് ഇത്തരത്തില്‍ ലഭിക്കും.
വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാര്‍ക്ക് മേല്‍ അമേരിക്ക ഏപ്രില്‍ 19ന് നിരവധി ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് നെറ്റ്സ യഹൂദയ്ക്കെതിരെയും അമേരിക്ക നടപടിക്കൊരുങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് അമേരിക്കയ്ക്ക് ഇസ്രയേലുമായി വര്‍ധിച്ചുവരുന്ന അസ്വാരസ്യങ്ങളുടെ സൂചനയാണെന്നാണ് വിലയിരുത്തല്‍.ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് പുറമെ വാര്‍ ക്യാബിനറ്റ് അംഗം ബെന്നി ഗ്യാന്റ്‌സും അമേരിക്കയുടെ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചിരുന്നെനും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഇസ്രയേലിനെതിരായ ഏതൊരു ഉപരോധവും അബദ്ധമാകുമെന്നും ഗ്യാന്റ്‌സ് പ്രതികരിച്ചു