• Tue. Dec 24th, 2024

ലോക്സഭാ തിരഞ്ഞെടുപ്പ്; പോളിംഗ് ശതമാനത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ByPathmanaban

Apr 22, 2024

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 21 സംസ്ഥാനങ്ങളില്‍ 19 ഇടത്തും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ വ്യത്യാസം രേഖപ്പെടുത്തിയത്.

‘പോളിംഗ് ശതമാനം കൂട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പലരീതിയില്‍ ശ്രമം നടത്തിയിരുന്നു. പ്രമുഖരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംബാസഡര്‍മാരാക്കി വോട്ട് ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് പ്രചാരണം നടത്തി, ബിസിസിഐയുമായി കൈകോര്‍ത്ത് ഐപിഎല്‍ വേദി വഴി വോട്ടര്‍മാരെ സ്വാധീനീക്കാന്‍ ശ്രമിച്ചു എന്നതടക്കം നിരവധി ശ്രമങ്ങള്‍ നടത്തി. എന്നാല്‍ അതെല്ലാം പരാജയപ്പെട്ടു.’ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഈ സാഹചര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനത്ത ചൂട് പോളിംഗിനെ ബാധിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഇതിന് പുറമെ ആഘോഷങ്ങളുടെയും വിവാഹത്തിന്റെയും സീസണ്‍ ആയതും വോട്ടിംഗ് ശതമാനം കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. 2019 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഛത്തീസ്ഗഢ്, മേഘാലയ, സിക്കിം എന്നിവിടങ്ങളിലാണ് പോളിംഗില്‍ വലിയ ഇടവ് ഉണ്ടായിരിക്കുന്നത്. നാഗാലാന്റില്‍ 25 ശതമാനത്തിന്റെയും മണിപ്പൂരില്‍ 7.7 ശതമാനത്തിന്റെയും മധ്യപ്രദേശില്‍ 7 , രാജസ്ഥാനിലും മിസോറാമിലും 6 ശതമാനത്തിന്റെ കുറവുമാണ് രേഖപ്പെടുത്തിയത്.

വിദൂര പ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചതോടെ പോളിംഗ് ശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാലിത് നിലവിലെ 66 ശതമാനം പോളിംഗില്‍ 0.1-0.2 ശതമാനത്തിന്റെ ഉയര്‍ച്ച മാത്രമെ ഉണ്ടാക്കുകയുള്ളൂ. 2019 ല്‍ ഒന്നാംഘട്ട പോളിംഗില്‍ 69.2 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ആവേശം പ്രകടമായിരുന്നെങ്കിലും അവരെ പോളിംഗ് ബൂത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് മുതിര്‍ന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Spread the love

You cannot copy content of this page