• Tue. Dec 24th, 2024

കനത്ത മഴയും വെള്ളക്കെട്ടും; ഇന്ത്യ ടു ദുബായ് ഷെഡ്യൂള്‍ഡ് വിമാനങ്ങളുടെ എണ്ണം പകുതിയായി കുറച്ചു; ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് കമ്പനി

ByPathmanaban

Apr 21, 2024

യുഎഇയിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ വിമാന സർവ്വീസുകൾക്ക് വീണ്ടും നിയന്ത്രണം. ഇതോടെ ഇന്ത്യയിൽ നിന്ന് ദുബായിയിലേയ്ക്കുള്ള വിമാന സർവ്വീസുകളുടെ എണ്ണം പകുതിയാക്കി കുറച്ചതായി എയർ ഇന്ത്യ എക്‌സ്‍പ്രസ് അറിയിച്ചു. 

‘‘ഷെഡ്യൂള്‍ ചെയ്ത കപ്പാസിറ്റി 50 ശതമാനമായി നിലനിര്‍ത്തണമെന്നാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം ദുബായിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങളുടെ എണ്ണത്തില്‍ ക്രമീകരണം വരുത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ദുബായിയെയും ഇന്ത്യയിലെ വിവിധ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന 84 പ്രതിവാര വിമാനങ്ങളുടെ പ്രവര്‍ത്തനവും വൈകാതെ പഴയനിലയിലേക്കാകുമെന്ന് കരുതുന്നു. ഇതിനുള്ള അനുമതിക്കായും കാത്തിരിക്കുകയാണ്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മുഴുവനായും തിരിച്ചു നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.‘‘ എയര്‍ ഇന്ത്യ എക്‌സ്‍പ്രസ് അറിയിച്ചു. 

ഫ്ലൈറ്റ് യാത്രികർ യാത്ര തുടങ്ങുന്ന സമയത്തിനും നാല് മണിക്കൂർ മുൻപായി എയർപോർട്ടുമായി ബന്ധപ്പെടണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കരുതെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്നും ദുബായ് പോലീസ് അറിയിച്ചു. കഴിഞ്ഞ 75 വര്‍ഷത്തിനിടെ രാജ്യത്ത് പെയ്ത ഏറ്റവും വലിയ മഴയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയുടെ വിവധ പ്രദേശങ്ങളിൽ അപ്രതീക്ഷിത മഴയും വെള്ളക്കട്ടുമാണ് രൂപപ്പെട്ടത്. ഒമാനിൽ ഇതിനോടകം വലിയ നാശം വിതച്ച മഴ നാളെ പുലർച്ചെയും രാവിലെയും വീണ്ടും കനക്കും എന്നാണ് മുന്നറിയിപ്പ്. റോഡുകളിൽ പലയിടത്തും ശക്തമായ വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ആയതിനാൽ എല്ലാവരും സംയമനം പാലിക്കണമെന്നും വീടിന് പുറത്ത് ഇറങ്ങരുതെന്നുമാണ് നിർദേശം. 

Spread the love

You cannot copy content of this page