മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് അയച്ചു. ‘ഈദ് വിത്ത് ഷാഫി’ എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടിസ് നൽകിയത്. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ പെരുന്നാൾ ദിവസം നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ്.
ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും നോട്ടിസിൽ പറയുന്നുണ്ട്. ഷാഫി പറമ്പിൽ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു. മൂന്നു ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.
തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് നോട്ടിസ് നൽകിയത്. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യാ ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു.