• Tue. Dec 24th, 2024

താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല;സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

ByPathmanaban

Mar 20, 2024

തൃശ്ശൂര്‍: സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ ഗോപി ആശാന്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേയ്ക്ക് വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. എന്നെ സ്നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാം’ എന്ന് ഫെയ്‌സ് ബുക്കില്‍ ഗോപി ആശാന്‍ കുറിച്ചു.

ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടി ഒരു ഡോക്ടര്‍ കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് മകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പ് ചര്‍ച്ചയായിരുന്നു. എന്നാല്‍ വിഷയം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കലാമണ്ഡലം ഗോപിയുടെ മകന്‍ രഘു ഗുരുകൃപ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കുക. അനുഗ്രഹം തേടി വീട്ടിലേക്ക് വരാനുള്ള നീക്കത്തെ എതിര്‍ത്തപ്പോള്‍, ‘പത്മഭൂഷണ്‍ കിട്ടണ്ടേ’ എന്ന് പ്രമുഖ ഡോക്ടര്‍ ചോദിച്ചതായും രഘു പോസ്റ്റില്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല. അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സംഭവത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം.

 തനിക്ക് അതുമായി ബന്ധമില്ലെന്നും പാര്‍ട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കലാമണ്ഡലം ഗോപി അനുവദിച്ചാല്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഗോപിയാശാന്‍ തന്നെ സ്വീകരിക്കാഞ്ഞത് അവരുടെ രാഷ്ട്രീയ ബാധ്യതയാണ്. അത് അവഗണനയായി കാണുന്നില്ല. തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോട് ചോദിക്കണം. ആ സ്‌നേഹം താന്‍ തൊട്ടറിഞ്ഞിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

വിവാദങ്ങള്‍ക്കിടെ ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ രാധാകൃഷ്ണനായി വോട്ടഭ്യര്‍ത്ഥിച്ചും കലാമണ്ഡലം ഗോപി രംഗത്തെത്തി. വീഡിയോ സന്ദേശത്തിലൂടെയാണ് വോട്ടഭ്യര്‍ത്ഥിച്ചത്. മന്ത്രി കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്നായിരുന്നു അഭ്യര്‍ഥന. കെ രാധാകൃഷ്ണന്റെ പ്രവര്‍ത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യര്‍ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി വ്യക്തമാക്കി. താന്‍ കലാമണ്ഡലത്തില്‍ അധ്യാപകനായിരിക്കുമ്പോള്‍ ചേലക്കരയിലെ ജനപ്രതിനിധി എന്ന നിലയിലും രാധാകൃഷ്ണന്‍ പരിചിതനെന്നും വിഡിയോയില്‍ പറഞ്ഞു.

Spread the love

You cannot copy content of this page