കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പിന്തുണയുമായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത് നടിയും മകളുമായ അഹാന കൃഷ്ണ. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അഹാനയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്ന് അഹാന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അച്ഛനെ പിന്തുണച്ചത് തന്നെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു അഹാനയുടെ മറുപടി. അച്ഛനെ പിന്തുണച്ചതിന് ഏതെങ്കിലും തരത്തില്‍ നെഗറ്റിവിറ്റി വരുമെന്ന് കരുതുന്നില്ല. എല്ലാവരും സ്വന്തം കുടുംബാംഗങ്ങളെ പിന്തുണയ്ക്കുമല്ലോ എല്ലാ കുടുംബങ്ങളും അങ്ങനെതന്നെയല്ലേ എന്നും അഹാന ചോദിച്ചു. ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കാളിയായിരിക്കുന്നത്.
ഞാന്‍ നാളെ എന്ത് ചെയ്താലും അച്ഛന്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന് വിശ്വാസമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പറയുന്ന വിമര്‍ശനങ്ങള്‍ വ്യക്തിപരമായ ഒന്നല്ല. അതുകൊണ്ട് തന്നെ ഇത്തരം വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കില്ല. ഞങ്ങള്‍ക്ക് അച്ഛന്റെ പ്ലാനുകള്‍ അറിയാന്‍ താത്പര്യമുണ്ടെങ്കിലും പൊതുവെ രാഷ്ട്രീയകാര്യങ്ങള്‍ ഗൗരവമായി ശ്രദ്ധിക്കാറില്ല. വ്യാജ അക്കൗണ്ടുകളിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ മോശം കാര്യങ്ങള്‍ പറയുന്നവര്‍ക്ക് ഒരു പരിധിയ്ക്ക് അപ്പുറം പ്രാധാന്യം കൊടുക്കാറില്ലെന്നും അഹാന കൃഷ്ണ കൂട്ടിച്ചേര്‍ത്തു. താന്‍ ദൈവാനുഗ്രഹമുള്ള വ്യക്തിയാണെന്നും തന്നെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ മക്കള്‍ വന്നെന്നും കൊല്ലത്തെ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍ പറഞ്ഞു. ജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.