• Tue. Dec 24th, 2024

‘ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം’;കെ മുരളീധരന്‍

ByPathmanaban

Mar 20, 2024

തൃശൂര്‍: തൃശൂരിലെ ലോക്‌സഭ മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണരീതികളെ വിമര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ചില പോസ്റ്ററുകള്‍ തൃശ്ശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളതെന്നും ഇടതു സ്ഥാനാര്‍ഥി തൃശൂര്‍ കാണുന്നതിന് മുന്‍പ് തൃശൂര്‍ കണ്ട ആളാണ് താനെന്നും മുരളീധരന്‍ പറഞ്ഞു. ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷി എന്നു പറയാന്‍ പോലും അവകാശമില്ല. പിണറായി രാഹുല്‍ ഗാന്ധിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആര്‍എസ്എസിന്റെ ആലയില്‍ കൊണ്ട് കെട്ടിയ ആളാണ് പിണറായി.

തൃശൂരില്‍ യുഡിഎഫ് ജയിക്കണം. ബിജെപി മൂന്നാം സ്ഥാനത്തു പോകണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കലാമണ്ഡലം ഗോപിയുടെ മകന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിലും മുരളീധരന്‍ പ്രതികരിച്ചു. ചില സ്ഥാനാര്‍ഥിയെ ചിലര്‍ വീട്ടില്‍ പോലും കയറ്റാത്തത് നമ്മള്‍ സമീപദിവസങ്ങളില്‍ കണ്ടുവെന്നായിരുന്നു പരിഹാസം. ബിജെപി -സിപിഎം ബാന്ധവത്തിന് എതിരെ ജനം വോട്ട് ചെയ്യും.

മോദി വന്നപ്പോള്‍ മലപ്പുറം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വാഹനത്തില്‍ കയറ്റിയില്ല.ഇത് എന്തു കൊണ്ടാണെന്നു ബിജെപി വ്യക്തമാക്കണം. വീട്ടില്‍ വരുന്ന അതിഥികളോട് നന്നായി പെരുമാറുന്നതാണ് ഞങ്ങളുടെ സംസ്‌കാരം. വീട്ടില്‍ കയറ്റിയത് കൊണ്ട് കരുണാകരന്റെ പേരില്‍ ഒരൊറ്റ വോട്ട് നേടാം എന്നു ബിജെപി കരുതണ്ടയെന്നും കെ മുരളീധരന്‍ പറഞ്ഞു

Spread the love

You cannot copy content of this page