ലാഹോര്‍: പാക് സൈനിക മേധാവിക്ക് മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്റ ബീബിയെ കള്ളകേസില്‍ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി കുറ്റങ്ങള്‍ ചുമത്തിയാണ് ഇമ്രാന്‍ ഖാന്റെ ഭാര്യയെ തടവിലാക്കിയിരിക്കുന്നത്. ഇസ്ലാമാബാദിന്റെ ബനി ഗാല വസതിയില്‍ തടങ്കലില്‍ കഴിയുകയാണ് ഇപ്പോള്‍ ബുഷ്റ ബീബി.
പാക് ഭരണകൂടത്തെയും ഇമ്രാന്‍ വിമര്‍ശിച്ചു. ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാട്ടിലെ രാജാവിന്റെ നിയമമാണ് നടപ്പിലാക്കുന്നതെന്നും രാജാവിന് ഇഷ്ടമില്ലാത്തതിനെയെല്ലാം ജയിലില്‍ അടക്കുകയാണെന്നും ഇമ്രാന്‍ ആരോപിച്ചു.പ്രധാനമന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്നാരോപിച്ച് 14 വര്‍ഷമാണ് ഇമ്രാന്‍ ഖാനെ ജയില്‍ ശിക്ഷ വിധിച്ചത്. രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന കേസില്‍ മറ്റൊരു 10 വര്‍ഷത്തേയ്ക്കും ഇമ്രാനെ തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രിയും തെഹ്രീകെ ഇന്‍സാഫ് സ്ഥാപകനുമായ ഇമ്രാന്‍ ഖാനും നിലവില്‍ അഴിമതി കേസില്‍ ജയിലിലാണ്. ഖാന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലിട്ട പോസ്റ്റിലാണ് മാധ്യമപ്രവര്‍ത്തകരുമായി ജയിലില്‍ സംസാരിച്ച വിവരം ഇമ്രാന്‍ പങ്കുവെച്ചിരിക്കുന്നത്. നിലവില്‍ അഡിയാല ജയിലില്‍ തടവില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ മാധ്യമ പ്രവര്‍ത്തകരോടാണ് സൈനിക മേധാവിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ‘ഭാര്യക്കെതിരെ കേസെടുക്കുന്നതില്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറിന് നേരിട്ട് പങ്കുണ്ട്. വിധി പ്രസ്താവിക്കുന്നതിലും അസിം ജഡ്ജിനെ സ്വാധീനിച്ചു’വെന്ന് എക്സിലെ കുറിപ്പില്‍ ഇമ്രാന്‍ പറഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അസിം മുനീറിനെ വെറുതെ വിടില്ലെന്നും അദ്ദേഹം കുറിച്ചു.