ചെന്നൈ: തമിഴ് ചലച്ചിത്രതാരം ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ വൃദ്ധ ദമ്പതികൾ വലിയ വാര്‍ത്തയായിരുന്നു. മധുരൈയിൽ നിന്നുള്ള കതിരേശൻ, മീനാക്ഷി എന്നിവരാണ് ധനുഷ് തങ്ങളുടെ മകനാണെന്നും മകനെ തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നത്. ഇതില്‍ ധനുഷിന്റെ പിതാവ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ കതിരേശൻ അന്തരിച്ചു. 70ാം വയസിലാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം.
മധുരെ രാജാജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.മധുരയിലെ മേലൂർ താലൂക്കിൽ മലംപട്ടി ഗ്രാമത്തില്‍ താമസിക്കുന്നവരാണ് കതിരേശനും മീനാക്ഷിയും. ധനുഷ് തങ്ങൾക്ക് പിറന്ന മൂന്നാമത്തെ മകനാണെന്ന് അവകാശം ഉന്നയിച്ച് ഇവര്‍ രംഗത്ത് വന്നതും തുടര്‍ന്ന് നടന്ന നീണ്ട നിയമ പോരാട്ടവും ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 11-ാം ക്ലാസിൽ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ് ധനുഷ് എന്ന വാദവുമായി കതിരേശനും ഭാര്യയും അന്ന് രംഗത്ത് എത്തിയത്. ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ദമ്പതികള്‍ അന്ന് ആവശ്യപ്പെട്ടത്.
ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്. പിന്നീട് മധുര മേലൂർ കോടതിയിൽ ദമ്പതികൾ നൽകിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകൾ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും മധുരൈ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും കാർത്തിരേശൻ വ്യക്തമാക്കിയിരുന്നു.
ഈ കേസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മധുരൈ ഹൈക്കോടതിയിൽ ഈ കേസില്‍ വാദം നടന്ന് മാര്‍ച്ച് 14ന് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഹരജിക്കാരൻ ഗൂഢലക്ഷ്യത്തോടെയാണ് ഈ ഹർജി സമർപ്പിച്ചതെന്നും ആരോപണങ്ങൾ തെളിയിക്കാൻ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടെന്നും വിധിയിൽ പറഞ്ഞത്.
കസ്തൂരി രാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കള്‍. അതേ സമയം തങ്ങളുടെ ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കും എന്നാണ് കതിരേശനും മീനാക്ഷിയും പറഞ്ഞത്. അതിന് പിന്നാലെയാണ് കതിരേശന് ആശുപത്രിയില്‍ ആയതും മരണം സംഭവിച്ചതും.