കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണ ആവര്‍ത്തിച്ച് ‘വുമന്‍ ഇന്‍ സിനിമ കളക്ടീവ്’. ‘#അവള്‍ക്കൊപ്പം’ എന്ന കുറിപ്പോടെ അതിജീവിതയുടെ സാമൂഹ്യമാധ്യമ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് WCC പിന്തുണ ആവര്‍ത്തിച്ചത്. മെമ്മറി കാര്‍ഡിലെ അട്ടിമറിയില്‍ കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അതിജീവിത രംഗത്തെത്തിയിരുന്നു. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചു. ഇത് അന്യായവും ഞെട്ടിക്കുന്നതുമാണ്.
ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് താനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത പറഞ്ഞു.