• Sun. Dec 22nd, 2024

പടക്കം പൊട്ടിക്കുന്നതിനിടെ വീടുകൾ കത്തി നശിച്ചു; മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെ കേസ്

ByPathmanaban

Apr 13, 2024

ചെന്നൈ: ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാൻ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീണ് വീടുകൾ കത്തിനശിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി സ്ഥാനാർഥി എസ്.ജി.എം.രമേശിന്റെ പ്രചാരണത്തിനിടെ നാഗപട്ടണത്താണ് സംഭവം.

റിട്ട.ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പക്കിരിസ്വാമിയുടെ വീടിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സമീപത്തെ മറ്റൊരു വീട്ടിലേക്കും തീപടർന്നു. അഗ്നിരക്ഷാ സേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. അകത്തുണ്ടായിരുന്നവർ പെട്ടെന്നുതന്നെ വീടിനു പുറത്തേക്ക് ഇറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

2 ടിവി, 2 ഫ്രിജ്, 2 കട്ടിലുകൾ, വാഷിങ് മെഷീൻ, 6 അലമാര, 6 ഫാനുകൾ, പാത്രങ്ങൾ, പുസ്തകങ്ങൾ എന്നിവ അടക്കം 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന വീട്ടുടമസ്ഥരുടെ പരാതിയിലാണ് കേസെടുത്തത്. ബിജെപി പ്രവർത്തകർക്കെതിരെ പക്കിരിസാമിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു.

Spread the love

You cannot copy content of this page