• Tue. Dec 24th, 2024

ലാഭമോ മുടക്കുമുതലോ നല്‍കിയില്ലെന്ന് ഹര്‍ജി; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

ByPathmanaban

Apr 13, 2024

കൊച്ചി: സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ ഉത്തരവ്. സബ് കോടതിയാണ് ഉത്തരവിട്ടത്.കലക്ഷനില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിലാണ് എറണാകുളം കോടതി ഉത്തരവിട്ടത്.

മലയാള സിനിമാ ചരിത്രത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരി 22നാണു തിയറ്ററുകളിലെത്തിയത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമാണ്. സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലക്ഷന്‍ ഇനിയുമേറെ കുതിക്കുമെന്നാണു കരുതുന്നത്. ചിദംബരം സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിനു മലയാളത്തിനു പുറത്തുനിന്നും നല്ല പ്രതികരണമായിരുന്നു.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണു നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലും തമിഴ്നാട്ടിലുമായാണു ചിത്രീകരിച്ചത്.

Spread the love

You cannot copy content of this page