• Tue. Dec 24th, 2024

34 കോടി സൗദിയിലെ കുടുംബത്തിന് ഉടൻ കൈമാറും; അബ്ദു റഹീമിനെ നാട്ടിലെത്തിക്കാൻ നിയമസഹായ സമിതി ചേരും

ByPathmanaban

Apr 13, 2024

കോഴിക്കോട്: 34 കോടി ദയാധനം സമാഹരിച്ചതോടെ റിയാദിലെ ജയിലില്‍ നിന്നും അബ്ദു റഹീമിനെ നാട്ടിലെത്തിക്കാനായുള്ള നിയമസഹായ സമിതി ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു. സമാഹരിച്ച പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചു. നിയമസഹായ സമിതി ഇന്ന് രാവിലെ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തും.

ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച 34 കോടി സൗദിയിലെ കുടുംബത്തിന് ഉടന്‍ കൈമാറാനാണ് നീക്കം. നിശ്ചയിച്ചതിലും നാല് ദിവസം നേരത്തെ ലക്ഷ്യം കണ്ടതോടെ അബ്ദു റഹീമിനെ നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. പണം സമാഹരിച്ചത് ഇന്ത്യന്‍ എംബസിയെ അറിയിച്ചത് കൂടാതെ സൗദിയിലെ കോടതിയിലെ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ട് ദിവസം ബാങ്ക് അവധി ആയതിനാല്‍ ഇതിനുശേഷം മാത്രമേ പണം കൈമാറ്റം ചെയ്യാന്‍ കഴിയു.

ഒരാഴ്ചയ്ക്കകം പണം കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ. ഇതിനുശേഷം രണ്ടാഴ്ച കൂടിയെങ്കിലും വേണ്ടിവരും റഹീമിന്റെ ജയില്‍ മോചനത്തിന്. 34 കോടിയെന്ന ലക്ഷ്യം കൈവരിച്ചതോടെ നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം സഹായ സമിതി ക്രൗഡ് ഫണ്ടിംഗ് അവസാനിപ്പിച്ചിരുന്നു.

34 കോടി സമാഹരിച്ചതിന് ശേഷവും നിരവധി സംഘടനകളും കൂട്ടായ്മകളും നേരത്തെ ശേഖരിച്ച പണവുമായി ഫറൂക്കിലെ റഹീമിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇവരെ സമിതി മടക്കി അയക്കുകയായിരുന്നു. ട്രസ്റ്റിന്റെ നിയമാവലി പ്രകാരം ഈ പണം സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് വിശദീകരണം. ഇതിനിടെ ബോബി ചെമ്മണ്ണൂര്‍ ഇന്നലെ രാത്രിയോടെ റഹീമിന്റെ ഫറോക്കിലെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു.

അബ്ദു റഹീമിനെ മോചിപ്പിക്കുന്നതാനായുള്ള പണം സ്വരൂപിക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബമെന്ന് ബന്ധു. റഹീം നാട്ടിലേക്കെത്തി ഉമ്മാക്ക് കണ്‍കുളിര്‍ക്കെ കണ്ടാല്‍ മാത്രമേ ഉമ്മാന്റെ സന്തോഷം പൂര്‍ണ്ണതയിലെത്തുകയുള്ളൂവെന്ന് ബന്ധു പറഞ്ഞു. റഹീമിന് വേണ്ടി ഉമ്മ നോമ്പ് നോറ്റിയിരിക്കുകയാണ്. റഹീം വിളിച്ചിരുന്നതായി ബന്ധു പ്രതികരിച്ചു.

Spread the love

You cannot copy content of this page