• Tue. Dec 24th, 2024

ഉഷ്‌ണതരംഗം; ഉത്തർപ്രദേശിൽ മരിച്ചത് 33 പോളിംഗ് ജീവനക്കാർ

ByPathmanaban

Jun 2, 2024

ഡൽഹി: പോളിംഗ് ജോലിക്കിടെ ഉത്തർപ്രദേശിലെ ഉഷ്ണതരംഗത്തിൽ 33 മരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ ഏഴാം ഘട്ടത്തിലാണ് ചൂടിനെ തുടർന്ന് 33 പോളിംഗ് ഉദ്യോഗസ്ഥർ മരിച്ചത്. ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ അറിയിച്ചതാണിത്. ഹോം ഗാർഡുകൾ, ശുചീകരണ തൊഴിലാളികൾ, പോളിംഗ് ഉദ്യോഗസ്ഥർ എന്നിവരാണ് മരിച്ചത്. ബല്ലിയ ലോക്‌സഭാ മണ്ഡലത്തിലെ സിക്കന്ദർപൂർ പ്രദേശത്തെ ബൂത്തിൽ ഒരു വോട്ടറും മരിച്ചതായി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

അതാത് നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ മരണത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർമാരോട് നിർദേശിച്ചതായി ഇലക്ടറൽ ഓഫീസർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഏഴാം ഘട്ടത്തിൽ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച്, ഗോരഖ്പൂർ, കുശിനഗർ, ദെയോറിയ, ബൻസ്ഗാവ്, ഗോസി, സലേംപൂർ, ബല്ലിയ, ഗാസിപൂർ, ചന്ദൗലി, വാരണാസി, മിർസാപൂർ, റോബർട്ട്‌സ്ഗഞ്ച് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഈ ഘട്ടത്തിൽ 1,08,349 പോളിങ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്.

അതിനിടെ ഉത്തരേന്ത്യയിൽ ചൂടിന് നേരിയ ശമനമുണ്ട്. ദില്ലിയടക്കം പല സംസ്ഥാനങ്ങളിലും ഇന്നലെ ചൂട് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കുറഞ്ഞു. വരുന്ന രണ്ട് ദിവസങ്ങളിലും ചൂടിന് നേരിയ ശമനം ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാൽ ഉഷ്ണതരംഗ സാധ്യത തുടരുകയാണ്. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ഇന്ന് ഓറഞ്ച് അലർട്ടിലാണ്. ദില്ലിയടക്കമുള്ള മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിൽ മരണം നൂറിലധികമായി.

Spread the love

You cannot copy content of this page