• Tue. Dec 24th, 2024

പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ കത്തയച്ചത് 17400ലധികം പേര്‍; മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

ByPathmanaban

Apr 23, 2024

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 17400ലധികം പേര്‍. സന്നദ്ധ സംഘടനകളാണ് പൊതുജനങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.സംവിധാന്‍ ബച്ചാവോ നാഗരിക് അഭിയാന്‍ എന്ന സംഘടന അയച്ച കത്തില്‍ 17400ലധികം പേര്‍ ഒപ്പിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ചട്ടലംഘനമാണ് മോദി ലംഘിച്ചത് എന്ന് കത്തില്‍ പറയുന്നു.

മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുക്കള്‍ക്കിടയില്‍ വെറുപ്പ് പരത്തി. നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവരെന്നും മോദി മുസ്ലിങ്ങളെ അധിക്ഷേപിച്ചു എന്നും കത്തില്‍ പറയുന്നു. 2209 പേര്‍ ഒപ്പിട്ട ഒരു കത്താണ് മറ്റൊരു സംഘടന അയച്ചത്. രാജസ്ഥാനില്‍ നടത്തിയ പ്രസംഗം മുസ്ലിങ്ങളെ ആക്രമിക്കുന്നതായിരുന്നു എന്ന് ഈ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യ മുന്നണി തീരുമാനിച്ചിരുന്നു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. കോണ്‍ഗ്രസ്, സിപിഐഎം എന്നീ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരട്ട് ഡല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസില്‍ നല്‍കിയ പരാതി, സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇമെയില്‍ വഴി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അയച്ചു നല്‍കി.

രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. രാജ്യത്തെ ജനങ്ങളുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും വീതിച്ചുനല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ തന്നെ പറയുന്നുണ്ടെന്നും മോദി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു.

Spread the love

You cannot copy content of this page