കോഴിക്കോട്: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ശബ്ദ പ്രചാരണത്തിന് പരിസമാപ്തിയായതിന് പിന്നാലെ തൃശൂർ, കാസർകോഡ്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 6 മുതൽ 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ. മൂന്നിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ ജില്ലകളിൽ വിലക്കുണ്ട്. അതെ സമയം സ്ഥാനാർഥികളുടെ നിശബ്ദ പ്രചാരണങ്ങൾക്ക് വിലക്കില്ലെന്നും സംഘർഷാവസ്ഥ മുന്നിൽ കണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ജില്ലാ കളക്ടർമാർ അറിയിച്ചു.
കാസർകോഡ് ജില്ലയിൽ ജില്ലാ കളക്ടർ കെ ഇമ്പ ശേഖറും തൃശൂരിൽ ജില്ലാ കളക്ടർ കൃഷ്ണതേജയും മലപ്പുറത്ത് ജില്ലാ കളക്ടർ വി ആർ വിനോദും കോഴിക്കോട് ജില്ലാ കളക്ടർ കുമാർ സിംഗുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നാല്‍പത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആവേശം അണപൊട്ടി. സ്ഥാനാര്‍ത്ഥികള്‍ ക്രെയിനുകളില്‍ കയറിയും കൂറ്റന്‍ ഫ്‌ളെക്‌സുകളും വാദ്യഅകമ്പടികളും കൊട്ടിക്കലാശത്തിന് ആവേശം പകര്‍ന്നു. ഇതിനിടെ ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.